വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഈ ചോദ്യത്തിന് രണ്ടുരീതിയിലുള്ള ഉത്തരങ്ങളാണ് കാലങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലര്‍ പറയും വെളിച്ചെണ്ണ ആരോഗ്യത്തിണ് അടിപൊളിയാണെന്ന്. ചിലര്‍ പറയും, ഇതുപോലെ അപകടം പിടിച്ച മറ്റൊരു സാധനമില്ലെന്ന്. ഏതാണ് സത്യം?
എന്തായാലും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസര്‍ പറയുന്നത്, വെളിച്ചെണ്ണ കൊടും വിഷമാണെന്നാണ്. എപിഡെമിയോളജി പ്രൊഫസറായ കാരിന്‍ മൈക്കേല്‍സ് ആണ് വെളിച്ചെണ്ണ ഏറ്റവും അപകടകാരിയാണെന്ന റിപ്പോര്‍ട്ടുകളുമായി വന്നിരിക്കുന്നത്. ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നത് എന്നുമാത്രമല്ല, ‘വിഷം’ എന്നുതന്നെയാണ് പല തവണ വെളിച്ചെണ്ണയെ കാരിന്‍ വിശേഷിപ്പിച്ചത്.
പന്നിക്കൊഴുപ്പിനേക്കാള്‍ കൊഴുപ്പടങ്ങിയ ആഹാരപദാര്‍ത്ഥമാണ് വെളിച്ചെണ്ണയെന്നും അത് ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അവര്‍ പറയുന്നു. സുഗമമായ രക്തയോട്ടത്തിന് ഇത് തടസം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍.
പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും പോഷകസമൃദ്ധമായ എണ്ണ എന്ന രീതിയിലാണ് വെളിച്ചെണ്ണയെ ഏവരും പരിഗണിച്ചുവന്നത്. ത്വക്കിനും മുടിക്കും ശാരീരികാരോഗ്യത്തിനുമെല്ലാം വെളിച്ചെണ്ണയെ വെല്ലാന്‍ ആരുമില്ലെന്ന നിഗമനങ്ങളെ കാറ്റില്‍ പറത്തിയത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ 2017ല്‍ നടത്തിയ ചില കണ്ടെത്തലുകളാണ്. ഉയര്‍ന്ന തോതില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്ന വെളിച്ചെണ്ണ ഹൃദയാരോഗ്യത്തിന് ഏറ്റവും വലിയ വില്ലനാണെന്നാണ് എ എച്ച് എ വിലയിരുത്തിയത്.
“വെളിച്ചെണ്ണ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അഥവ ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണമാകുന്നു. അത് കഴിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്” - ഹാര്‍വാര്‍ഡിലെ ന്യൂട്രീഷ്യന്‍ പ്രൊഫസറായ ഡോ.ഫ്രാങ്ക് സാക്സ് പറയുന്നു.
ഏത് വാദം വിശ്വസിക്കുമെന്നറിയാതെ അന്തംവിട്ടിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. രണ്ടുവാദങ്ങളും പരിഗണിച്ച് ഏറ്റവും മിതമായി മാത്രം വെളിച്ചെണ്ണ ഉപയോഗിക്കുക.