മലപ്പുറത്ത് ഈ മേഖലകളില്‍ എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു; ജാഗ്രത വേണം, കുട്ടികള്‍ മാസ്‌ക് ധരിക്കുക
ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും, ആശുപത്രികളില്‍ പോകുന്ന സമയത്ത് കൃത്യമായി മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടതാണ്
മലപ്പുറം ജില്ലയിലെ വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, എടപ്പാള്‍, തവനൂര്‍, പൊന്നാനി എന്നീ മേഖലകളില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍, ഇത്തരം പനികള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, പ്രായമായവര്‍, ഇതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.
ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും, ആശുപത്രികളില്‍ പോകുന്ന സമയത്ത് കൃത്യമായി മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാല്‍ മാസ്‌ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും.
എന്താണ് H1N1?
ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എന്‍ 1 പനി.
ലക്ഷണങ്ങള്‍
സാധാരണ പകര്‍ച്ചപ്പനിയുടെയും (വൈറല്‍ ഫിവര്‍) എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും.
രോഗ പകര്‍ച്ച
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് (പൊതുവെ കൈകളില്‍ക്കൂടി). കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പതിവിലും ശക്തമായ രീതിയില്‍ രോഗം തുടരുകയാണെങ്കില്‍ ചിലപ്പോള്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരാം.
ചികിത്സ
എച്ച് 1 എന്‍ 1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir (ഓസള്‍ട്ടാമിവ്യര്‍) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.
പ്രതിരോധമാര്‍ഗങ്ങള്‍
എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീടിനുള്ളില്‍ കഴിയുക, പൂര്‍ണ്ണ വിശ്രമമെടുക്കുക. സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക. പോഷകാഹാരം കഴിക്കുക. പോഷണ ഗുണമുള്ള പാനീയങ്ങള്‍ കുടിക്കുക. മാസ്‌ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക
കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്. രോഗബാധിതരെ കഴിവതും സന്ദര്‍ശിക്കരുത്, ആവശ്യമെങ്കില്‍ 1 മീറ്റര്‍ അകലം പാലിക്കുക. ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികള്‍ പിന്തുടരുക. പ്രായമുള്ളവര്‍ കുട്ടികള്‍ ഇതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഇവര്‍ അടച്ചിട്ട മുറികളില്‍ അധിക നേരം കഴിയാതിരിക്കുക.
ഗര്‍ഭിണികള്‍ക്ക് എച്ച് 1 എന്‍ 1 രോഗബാധ ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ പോയി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.