ഒട്ടുമിക്ക വീടുകളുടെയും കോണുകളില്‍ ചിലന്തിവലകള്‍ ഉണ്ടാകാറുണ്ട്. ഇത് വീട് വൃത്തിഹീനമാക്കുകയും വീട്ടുകാര്‍ക്ക് അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു. മിക്ക ചിലന്തിവലകളും നിരുപദ്രവകരമാണെങ്കിലും അവ വീടിന്റെ ഭംഗി നശിപ്പിക്കുകയും വൃത്തിഹീനമായി തോന്നിക്കുകയും ചെയ്യുന്നു. ലളിതമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫലപ്രദമായി ചിലന്തിവലകള്‍ നീക്കം ചെയ്യാന്‍ കഴിയും.
അതിന് ആദ്യം എവിടെയൊക്കെയാണ് ഇവ കൂടുതലായി കാണുന്നതെന്നും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മനസ്സിലാക്കണം. പ്രധാനമായും മൂലകള്‍, സീലിംഗ്, ഫര്‍ണിച്ചറുകളുടെ പുറകില്‍, ലൈറ്റുകളില്‍ ഒക്കെയാണ് ചിലന്തി വലകള്‍ കാണുന്നത്. സീലിംഗുകളിലെയും ചുമരിലെയുമൊക്കെ ചിലന്തി വല മാറ്റാന്‍ ചൂലും ഡസ്റ്ററുമാണ് നല്ലത്. വാക്വം ക്ലീനറുകളും ഇതിനായി ഉപയോഗിക്കാം. മൂലകളിലെയും ഫര്‍ണിച്ചറുകളുടെയും ഇടയിലെ ചിലന്തി വല നീക്കം ചെയ്യാനും വാക്വം ക്ലീനറാണ് ഉത്തമം.
വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ പൊടി കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇടയ്ക്കിടയ്ക്കുള്ള വൃത്തിയാക്കലിലൂടെയും സ്ഥിരമായി വല ഉണ്ടാകാറുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിലൂടെയും ഇത് ഒരു പരിധി വരെ തടയാം.