Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ? ഈ ഒരു ചോദ്യം നിങ്ങള്‍ക്ക് സ്വയം ചോദിക്കേണ്ടി വന്നിട്ടുണ്ടോ? - ഉത്തരമുണ്ട്

ആ ദിവസം അങ്ങനെയായതിന് നിങ്ങള്‍ തന്നെ ഉത്തരവാദി

ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ? ഈ ഒരു ചോദ്യം നിങ്ങള്‍ക്ക് സ്വയം ചോദിക്കേണ്ടി വന്നിട്ടുണ്ടോ? - ഉത്തരമുണ്ട്
, തിങ്കള്‍, 9 ഏപ്രില്‍ 2018 (10:22 IST)
ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു വല്ലായ്മ തോന്നും. ഇന്നത്തെ ദിവസം ശരിയല്ലല്ലോന്ന് ഒരു ഫീൽ. ഓഫീസിൽ പോകാൻ മടി. പത്രം വായിച്ച് സമയം കളയും. കുറച്ചുനേരം കൂടെ കിടന്ന് ഉറങ്ങാൻ തോന്നും. ഇനി ഓഫീസിൽ ചെന്നാലോ? നൂറുകൂട്ടം പ്രശ്നങ്ങൾ. സഹപ്രവർത്തകരോട് തട്ടിക്കയറും. ബോസിന്റെ വായിൽ നിന്ന് ചീത്ത കേൾക്കും. വൈകിട്ട് തിരിച്ചുവരുമ്പോഴോ? ഒടുക്കത്തെ ട്രാഫിക് ബ്ലോക്ക്.
 
ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ എന്ന് ചിന്തിച്ച് കാടുകയറേണ്ട. അങ്ങനെ ചിന്തിച്ചു കൂട്ടുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇതത്ര വലിയ കാര്യമൊന്നുമല്ല. ചെറിയൊരു മൂഡോഫ്. അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. എങ്കിലും നമ്മുടെ ചിന്തകളുടെ പ്രശ്നമാണ് കൂടുതലും എന്ന് പറയാം. 
 
എപ്പോഴും മൂഡ് ഓഫ് ആകുന്ന പ്രകൃതമാണെങ്കിൽ നിങ്ങളുടെ ഇമോഷണൽ ഹെൽത്ത് അത്ര നല്ല കണ്ടീഷനിലല്ല എന്ന് പറയാം. അത് വളരെ സിമ്പിളായി മാറ്റാവുന്ന പ്രശ്നമാണ്. കൂട്ടുകാരെയൊന്നും കാണാതെ വീട്ടിലടച്ചിരിക്കുന്ന സ്വഭാവമുണ്ടെങ്കിൽ അത് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ഫ്രണ്ട്സുമൊത്ത് അടിച്ചുപൊളിക്കാൻ സമയം കണ്ടെത്തണം. പുറത്തുപോകാനും അവരെ കാണാനും കഴിഞ്ഞില്ലെങ്കിൽ ദിവസവും ഒരു 20 മിനിറ്റ് അവരെ ഫോണിൽ വിളിച്ച് സംസാരിക്കാനെങ്കിലും സമയം കണ്ടെത്തണം. വാട്സാപ്പിലും ഫേസ്ബുക്കിലും ഫ്രണ്ട്സുമായി ചാറ്റ് ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
 
സംസാരിക്കുക എന്നതാണ് ടെൻഷൻ കുറയ്ക്കാനും മൂഡ് ഓഫ് മാറ്റാനുമുള്ള ഒരു എളുപ്പമാർഗം. ഓഫീസിലായാലും വീട്ടിലായാലും പുറത്തായാലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കാൻ ശീലിക്കുക. ഏത് പ്രശ്നവും ഒരു പ്രശ്നമല്ലെന്നും പരിഹാരമുണ്ടാകുമെന്നും പോസിറ്റീവ് ആയി ചിന്തിക്കുകയും മനസിലുള്ള വിഷമങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുക.
 
രാവിലെ എഴുന്നേറ്റാൽ അൽപ്പസമയം ധ്യാനിക്കുക. തനിക്കുള്ള സൗഭാഗ്യങ്ങൾക്കും ലഭിച്ച നേട്ടങ്ങൾക്കും പ്രകൃതിയോടും ദൈവത്തോടും നന്ദി പറയുക. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അലസമായി കളയുന്ന സമയത്തിന് മൂല്യമേറെയുണ്ടെന്നും സ്വയം പറയുക. മറ്റുള്ളവർ നിശ്ചയിക്കുന്നതുപോലെ പോകാനുള്ളതല്ല തന്റെ ജീവിതമെന്നും തനിക്ക് സഞ്ചരിക്കാൻ യുണീക് ആയ ഒരു പാതയുണ്ടെന്നും സ്വയം ബോധ്യപ്പെടുത്തുക.
 
ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഒരു ശീലമാക്കുക. വ്യായാമം കഴിഞ്ഞ് ഒന്ന് കുളിച്ച്, പ്രാർത്ഥിച്ച്, ആഹാരവും കഴിച്ചു കഴിയുമ്പോൾ വലിയ ഉന്മേഷം ലഭിക്കും. ഓഫീസ് ജോലി മാത്രമല്ല ജീവിതമെന്ന് തിരിച്ചറിയണം. വിനോദങ്ങളിൽ ഏർപ്പെടാനും സമയം കണ്ടെത്തണം. സിനിമ കാണുകയോ പാട്ടുകേൾക്കുകയോ ചെയ്യാം. കൃത്യസമയത്ത് കൃത്യമായ അളവിൽ ആഹാരം കഴിക്കുന്നത് ശീലമാക്കുക. എണ്ണയിൽ പൊരിച്ചതും അധികം കൊഴുപ്പുള്ളതുമായ ആഹാരങ്ങൾ ഒഴിവാക്കുക.
 
പുകവലിയും മദ്യപാനവുമുണ്ടെങ്കിൽ അത് പൂർണമായും ഉപേക്ഷിക്കുക. വീക്കെൻഡുകളിൽ കുടുംബവും സുഹൃത്തുക്കളുമൊത്ത് യാത്ര പോകുക. രാത്രിയിൽ ഉറക്കമൊഴിഞ്ഞിരിക്കാതെ നേരത്തേ കിടക്കുക. അതിരാവിലെ എഴുന്നേൽക്കുക. ആഹാ... ശ്രദ്ധിച്ചേ... മൂഡ് ഓഫ് ആകാൻ ഇനിയെവിടെ സമയം?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗികൾ കാലിലെ മുറിവുകൾ ചെറുതായി കാണരുത്