കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ് പോപ്കോൺ. ഇത് വാങ്ങി നൽകുന്നതിൽ മാതാപിതാക്കൾക്ക് മടിയുമില്ല. എന്നാൽ പോപ്കോൺ ചെറിയ കുട്ടികളിൽ ഗുരുതര പ്രശ്നമ ഉണ്ടാക്കും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തുകയാണ് നാഷ് എന്ന രണ്ട് വയസുകാരന്റെ മാതാപിതാക്കൾ.
ഒരുദിവസം വൈകുന്നേരം ടിവി കാണുമ്പോൾ മാതാപിതാക്കൾ നാഷിന് പോപ്കോൺ നൽകി. എന്നാൽ പോപ്കോൺ കഴിച്ച ഉടൻ തന്നെ നാഷ് ചുമക്കാൻ ആരംഭിച്ചു. ഇതോടെ കുട്ടിയുടെ കയ്യിൽനിന്നും മാതാപിതാക്കൾ പോപ്കോൺ തിരികെ വാങ്ങി. വീണ്ടും ഒന്നുരണ്ട് തവണ കുട്ടി ചുമച്ചെങ്കിലും മാതാപിതാക്കൾ ഇത് അത്ര കാര്യമായി എടുത്തില്ല.
എന്നാൽ അധികം വൈകാതെ തന്നെ കുട്ടിയുടെ ശരീര താപനില വർധിക്കാൻ തുടങ്ങി. ഇതോടെ കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. ആദ്യം അസുഖം എന്തെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് ആയില്ല പിന്നീട് എക്സ്‌റേ എടുത്തതോടെ കുട്ടിയുടെ ശ്വാസകോശത്തിൽ പഴുപ്പ് കണ്ടെത്തുകയായിരുന്നു. ഈ മുറിവിൽ നിന്നും പോപ്കോണിന്റെ ആറ് കഷ്ണണങ്ങൾ ഡോക്ടർമാർ കണ്ടെടുത്തു.
അടുത്ത ദിവസങ്ങളിൽ കുഞ്ഞിന് ന്യുമോണിയ ബാധിച്ചു. ഇതോടെ വിശദമായ പരിശോധന നടത്തിയപ്പോൾ വീണ്ടും പോപ്കോണിന്റെ അവശിഷ്ടങ്ങൾ കുട്ടിയുടെ ശ്വാസകോശത്തിൽനിന്നും കണ്ടെത്തുകയായിരുന്നു. സാമൂഹ്യ മധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ നാഷിന്റെ മാതാപിതാക്കൾ പങ്കുവച്ചിട്ടുണ്ട്.അപകടമെന്ന് തോന്നുന്ന ആഹാര പദാർത്ഥങ്ങൾ ഒന്നും കുഞ്ഞുങ്ങൾക്ക് നൽകരുത് എന്ന് ഇവർ പറയുന്നു.