മദ്യപിച്ച ശേഷം ഛര്‍ദിക്കാത്തത് വലിയ ഗമയായി കാണേണ്ട ! പതിയിരിക്കുന്നത് അപകടം
ശരീരത്തിനു ദോഷകരമായ പദാര്‍ത്ഥങ്ങള്‍ പുറംതള്ളുന്ന പ്രക്രിയയാണ് ഛര്‍ദി
'എത്ര കുടിച്ചാലും ഞാന്‍ ഛര്‍ദിക്കില്ല' എന്ന് വീമ്പ് പറയുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടോ? എങ്കില്‍ അവരോട് കരള്‍ ഒന്ന് പരിശോധിക്കാന്‍ പറയുന്നത് നല്ലതാണ്. അമിത മദ്യപാനത്തിനു ശേഷം ഛര്‍ദിക്കാത്തത് അത്ര വലിയ ഗമയൊന്നും അല്ലെന്ന് മനസിലാക്കണം. നിങ്ങളുടെ കരളും ആമാശയവും കൃത്യമായി പ്രവര്‍ത്തിക്കാത്തതിന്റെ അടയാളമായിരിക്കാം ഒരുപക്ഷേ അത് !
ശരീരത്തിനു ദോഷകരമായ പദാര്‍ത്ഥങ്ങള്‍ പുറംതള്ളുന്ന പ്രക്രിയയാണ് ഛര്‍ദി. അമിതമായി മദ്യപിക്കുന്നതിലൂടെ ശരീരത്തിനു ദോഷകരമായ പല ഘടകങ്ങളും അകത്തേക്ക് എത്തുന്നു. നിങ്ങള്‍ ഛര്‍ദിക്കുമ്പോള്‍ അത്തരം ഘടകങ്ങളെ ശരീരം പുറന്തള്ളുകയാണ് ചെയ്യുന്നത്. ദോഷകരമായ പദാര്‍ത്ഥങ്ങള്‍ക്കെതിരെ കരള്‍ പ്രതികരിക്കുന്നതാണ് ഇത്. അമിതമായി മദ്യപിച്ചിട്ടും ഛര്‍ദിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം കരളിന് അതിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടു തുടങ്ങി എന്നാണ്. ശരീരത്തിലേക്ക് പൂര്‍ണമായി അലിഞ്ഞുചേരുന്നതിനു മുന്‍പ് മദ്യത്തെ ശരീരം പുറന്തള്ളുകയാണ് ഛര്‍ദിയിലൂടെ സംഭവിക്കുന്നത്.