എന്തൊക്കെ പരസ്യങ്ങളാണ് ദിനംപ്രതി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും മാഗസിനുകളിലൂടെയും നമ്മുടെ മുമ്പിലേക്ക് എത്തുന്നത്. സൌന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളുടെയും വസ്തുക്കളുടെയും പരസ്യങ്ങളാണ് അതില്‍ പ്രധാനം. അതില്‍ തന്നെ തടി കുറയ്ക്കുന്നതിനും കൂട്ടുന്നതിനുമുള്ള എത്രയധികം ഉല്പന്നങ്ങള്‍. ഉള്ളില്‍ കഴിക്കാനുള്ളതും ശരീരത്തില്‍ പുരട്ടാനുള്ളതുമൊക്കെയായി എത്ര തരത്തിലും വിധത്തിലുമുള്ള ഉല്പന്നങ്ങള്‍. എന്നാല്‍, ഇതൊന്നും വേണ്ട നമ്മുടെ ഭക്ഷണക്രമത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍, നമ്മുടെ ദിനചര്യകളില്‍ ശ്രദ്ധിച്ചാല്‍ ‘ഫിറ്റ്‌നസ്’ ഉള്ള അമിതവണ്ണം ഇല്ലാത്ത, മെലിഞ്ഞുണങ്ങാത്ത അഴകുള്ള ശരീരം നമുക്ക് സ്വന്തമാക്കാനാവും.
ശരിയായ ഭക്ഷണരീതി തന്നെയാണ് ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച മരുന്ന്. ഭക്ഷണത്തില്‍ കൊഴുപ്പ് കൂടിയ ഉല്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുക. പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുക എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം. എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ ലെമണ്‍ ടീ ശീലമാക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തെ നൈര്‍മ്മല്യത്തോടെ നിലനിര്‍ത്താനും യുവത്വം കാത്തുസൂക്ഷിക്കാനും സാധിക്കും. കൂടാതെ, ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും നല്ലതാണ്.
ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. കാരണം, ഒരു മനുഷ്യന് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജം പ്രധാനമായും ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ്. എന്നാല്‍, വൈകുന്നേരം ഏഴു മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മാറിയ ജീവിതസാഹചര്യത്തില്‍ അത് സാധ്യമല്ല. എങ്കിലും, എട്ടുമണിക്ക് ശേഷമെങ്കിലും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
അമിതവണ്ണം ഒഴിവാക്കാന്‍ ചിട്ടയായ വ്യായാമം വളരെ അത്യാവശ്യമാണ്. രാവിലെ അര മണിക്കൂര്‍ എങ്കിലും എന്നും നടക്കുന്നത് നല്ലതാണ്. കൂടാതെ, യോഗ അഭ്യസിക്കുന്നതും വണ്ണം കുറയ്ക്കുന്നതിനും മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും നല്ലതാണ്. ശരീരത്തിനും മനസ്സിനും ഇത് ഒരു പോലെ ഉന്മേഷവും ഊര്‍ജ്ജസ്വലതയും പ്രദാനം ചെയ്യും. അടുത്തത്, ഒരു സൈക്കോളജിക്കല്‍ മൂവ് ആണ്. നിങ്ങള്‍ക്ക് തടി കുറഞ്ഞിരുന്ന കാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. ആ വസ്ത്രങ്ങള്‍ക്ക് വേണ്ടിയെങ്കിലും തടി കുറയ്ക്കാന്‍ അടുത്തദിവസം നിങ്ങള്‍ ചിലപ്പോള്‍ അരമണിക്കൂര്‍ അധികം നടന്നേക്കും. സ്ട്രെസ്, ഉറക്കക്കുറവ് എന്നിവയും തടി കൂടുന്നതിന് കാരണമാകും എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. കഴിവതും മനസ്സ് ശാന്തമായി വയ്ക്കുക എന്നത് തന്നെയാണ് നല്ല ആരോഗ്യത്തിന്റെയും നല്ല ശരീരത്തിന്റെയും രഹസ്യം.