What is Brisk Walking: ജിമ്മില്‍ പോകാന്‍ സമയമില്ലേ? അരമണിക്കൂര്‍ ഇങ്ങനെ നടന്നാല്‍ മതി
സാധാരണ നടക്കുന്നതിനേക്കാള്‍ അല്‍പ്പം വേഗതയിലാണ് ബ്രിസ്‌ക് വാക്കിങ്ങില്‍ നടക്കേണ്ടത്
Brisk Walking Tips: എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിനു നല്ലതാണ്. ജിമ്മില്‍ പോയി മാത്രമേ വ്യായാമം ചെയ്യാവൂ എന്നൊന്നും ഇല്ല. ജിമ്മില്‍ പോകാതെ തന്നെ വ്യായാമം ചെയ്യാനുള്ള വഴിയാണ് ബ്രിസ്‌ക് വാക്കിങ്. ദിവസവും അരമണിക്കൂര്‍ ഇതിനായി മാറ്റിവെച്ചാല്‍ മതി നിങ്ങളുടെ ശരീരത്തിനു ആവശ്യമായ വ്യായാമമാകും.
സാധാരണ നടക്കുന്നതിനേക്കാള്‍ അല്‍പ്പം വേഗതയിലാണ് ബ്രിസ്‌ക് വാക്കിങ്ങില്‍ നടക്കേണ്ടത്. ഹാര്‍ട്ട് റേറ്റും ശ്വസന നിരക്കും കൂടുന്ന വിധം നടക്കണം. തല ഉയര്‍ത്തി പിടിച്ച് മുന്നിലേക്ക് നോക്കി, നട്ടെല്ല് വളയാതെ അല്‍പ്പം വേഗതയില്‍ നടക്കുക. ശരീരത്തിന്റെ പേശികള്‍ക്ക് വലിച്ചില്‍ ഉണ്ടാകുന്ന വിധം വേണം നടക്കാന്‍. കൈകള്‍ മുന്‍പിലേക്കും പിന്നിലേക്കും വീശാം. കൈമുട്ട് 90 ഡിഗ്രിയില്‍ വരുന്ന വിധം വേണം കൈകള്‍ വീശാന്‍.
വായ അടച്ചുപിടിച്ച് കൃത്യമായ ഇടവേളകളില്‍ ശ്വാസോച്ഛാസം നടത്താന്‍ മറക്കരുത്. നടക്കുന്ന സമയത്ത് സംസാരം ഒഴിവാക്കുക. അല്‍പ്പം കയറ്റിറക്കവും ബുദ്ധിമുട്ടേറിയതുമായ പാത നടക്കാന്‍ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ നല്ലത്. ദിവസവും ചുരുങ്ങിയത് അരമണിക്കൂര്‍ എങ്കിലും ഇങ്ങനെ നടന്നാല്‍ ശരീരത്തിലെ കൊഴുപ്പ് ഉരുകി പോകാന്‍ കാരണമാകും. മാത്രമല്ല ഇത് നല്ലൊരു കാര്‍ഡിയോ വ്യായാമം കൂടിയാണ്. ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തയോട്ടം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബ്രിസ്‌ക് വാക്കിങ് സഹായിക്കും.