വിനായക ചതുര്‍ത്ഥി ദിവസം ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന പൂജയാണ് ചതുര്‍ത്ഥി പൂജ. ആദ്യം കുളിച്ച് ശുദ്ധിയായി, വെളുപ്പുനിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജയ്ക്കായി തയ്യാറാകണം. പൂജയ്ക്കുള്ള സ്ഥലത്തെ വൃത്തിയായി വാരി, ശുദ്ധജലം തളിച്ച് പരിശുദ്ധമാക്കണം.
ആ സ്ഥലത്ത് ഗണപതിയുടെ ചെറിയ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. കൂടാതെ പൂജയ്ക്കാവശ്യമായ പുഷ്പം, ചന്ദനത്തിരി, ശുദ്ധജലം മുതലായവ ഒരുക്കി വയ്ക്കണം. വിഗ്രഹത്തിനു മുമ്പില്‍ വെറ്റില വെച്ച്, മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലര്‍ത്തി മാവ് ഉണ്ടാക്കി, അതില്‍ ഗണപതിയുടെ രൂപം സങ്കല്‍പ്പിച്ച് ചെറിയ രൂപത്തില്‍ തീര്‍ക്കാം. ആ രൂപത്തിന് മുകളില്‍ കുങ്കുമാര്‍ച്ചന നടത്തി പുഷ്പങ്ങള്‍ സമര്‍പ്പിച്ച് അലങ്കരിക്കണം.
കറുകപ്പുല്ലും പൂജയില്‍ ഉപയോഗിക്കാം. വിഗ്രഹത്തിനു മുന്നില്‍ നിവേദ്യങ്ങള്‍ ഒരുക്കി വയ്ക്കണം. സാധാരണയായി ഉണ്ണിയപ്പം, അവല്‍, മോദകം, കൊഴുക്കട്ട, മധുര അപ്പം, ഇലയട തുടങ്ങിയവയാണ് നിവേദ്യത്തിന് ഉപയോഗിക്കുന്നത്. ഇവ ശുദ്ധമായ നാക്കിലയില്‍ വെക്കണം. കൂടാതെ മറ്റൊരു പാത്രത്തിലോ ഇലയിലോ നാളികേരവും പഴങ്ങളും ചേര്‍ക്കാം.
പിന്നീട് വിളക്ക് തെളിച്ച് ഗണപതിയുടെ സ്തുതിശ്ലോകങ്ങള്‍ ചൊല്ലി പൂജ ആരംഭിക്കണം. പുഷ്പാര്‍ച്ചന നടത്തി, നിവേദ്യങ്ങള്‍ ഭഗവാനെ സമര്‍പ്പിക്കാം. പൂജ പൂര്‍ത്തിയായ ശേഷം, സമര്‍പ്പിച്ച നിവേദ്യങ്ങള്‍ എല്ലാവര്‍ക്കും പ്രസാദമായി വിതരണം ചെയ്യാം. അവസാനം, മഞ്ഞളുകൊണ്ട് രൂപപ്പെടുത്തിയ വിഗ്രഹം ഏതെങ്കിലും ജലാശയത്തില്‍ നിമജ്ജനം ചെയ്യണം.
ചതുര്‍ത്ഥി പൂജ ആരംഭിക്കേണ്ടത് ചതുര്‍ത്ഥി തുടങ്ങുന്ന സമയത്ത് തന്നെയാവേണ്ടതുണ്ട്.