എതിർക്കുന്നവരെ സംഹരിക്കാനുള്ളതല്ല ശത്രുസംഹാര ഹോമം; പിന്നെയോ ?
ശത്രുവിനെ നിഗ്രഹിക്കാന്‍ വേണ്ടിയുള്ളതാണോ ശത്രുസംഹാര ഹോമം ?
ശത്രുസംഹാര ഹോമവും അർച്ചനയുമെല്ലാം നടത്താത്ത ഹിന്ദുക്കള്‍ കുറവായിരിക്കും. തങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും പലരും ഈ വഴിപാടുകള്‍ ചെയ്യുക. എന്നാല്‍ അറിഞ്ഞോളൂ... നമ്മളെ എതിർക്കുന്നവരേയോ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരേയോ ആയവരെ നശിപ്പിക്കുന്നതിനോ അല്ലെങ്കില്‍ അത്തരത്തിലുള്ള ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ശത്രുസംഹാര ഹോമം കൊണ്ടോ അര്‍ച്ചന കൊണ്ടോ കഴിയില്ല എന്നതാണ് വസ്തുത.
നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ശത്രു നമ്മുടെ ഉള്ളില്‍തന്നെയാണുള്ളത്. നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന ഒന്നുമാത്രമാണ് ശത്രുസംഹാര അർച്ചന. ഏതൊരു മനുഷ്യന്റേയും ഏറ്റവും വലിയൊരു ശത്രു ‘കാമം’ആണ്. സ്ത്രീ വിഷയം മാത്രമല്ല ‘കാമം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. "കാമിക്കുക", അതായത് എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത ഒടുങ്ങാത്ത "ആഗ്രഹം" അതിനെയാണ് കാമം എന്നു പറയുന്നത്.
തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല... സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത്... അവിടെ അത്തരത്തില്‍ കാണാൻ കഴിയാത്ത മനസ്സൊഴിച്ച് വേറെയൊരു ശത്രു ഇല്ല... അത്തരത്തില്‍ നമ്മുടെ ഉള്ളിലുള്ള ശത്രുവിനെ വക വരുത്താനാണ് ശത്രു സംഹാര പുഷ്പാഞ്ജലി. എന്തിനെയും സ്വന്തം കാര്യത്തിനായി വളച്ചൊടിക്കാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഒരു കാര്യത്തിനെ, നേരെ വിപരീതമായി മനുഷ്യർ മനസ്സിലാക്കിയ ഒരു പൂജാവിധിയാണ് ഈ ശത്രു സംഹാര പൂജ.
മുരുകനെയാണ് ശത്രു സംഹാരകനായി വിശ്വാസികള്‍ കാണ്ടുവരുന്നത്. മുരുകന്റെ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തുകയാണെങ്കില്‍ ഗൃഹദോഷം, ശാപങ്ങള്‍, ദൃഷ്ടിദോഷം എന്നിവയില്‍ നിന്നെല്ലാം മോചനം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ഭയം, മാനസിക പ്രശ്നങ്ങള്‍ , കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങള്‍ക്കും സാധാരണയായി ശത്രു സംഹാര പൂജ നടത്താറുണ്ട്.
ജോലി സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോളും വിവാഹം നടക്കാന്‍ കാലതാമസമെടുക്കുമ്പോളും സാമ്പത്തിക ബാധ്യതകള്‍ വരുന്ന വേളയിലുമെല്ലാം ശത്രു സംഹാര പൂജ നടത്താറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ ശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും സാധാരണായായി ഈ ഹോമം നടത്താറുണ്ട്. കാലങ്ങളായി കോടതിയില്‍ നില നില്‍ക്കുന്ന കേസുകളിലെ നിയമ തടസ്സങ്ങള്‍ മാറുന്നതിനായും ചില ആളുകള്‍ ഇത്തരം ഹോമങ്ങള്‍ നടത്താറുണ്ട്.