Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് പിതൃ തര്‍പ്പണം

നമ്മുടെ സംസ്‌കൃതിയുടെ വെളിച്ചം അണയാതെ തലമുറകളിലൂടെ കൈമാറുന്നു

Karkidakam - Vavu Bali

രേണുക വേണു

, ശനി, 3 ഓഗസ്റ്റ് 2024 (08:06 IST)
Karkidakam - Vavu Bali

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി - കറുത്തവാവ്; പിതൃ കര്‍മ്മങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതായാണ് ഭാരതീയ സങ്കല്‍പ്പം. കര്‍ക്കിടകത്തിലെ കറുത്ത വാവിന് നടത്തുന്ന ഈ തര്‍പ്പണത്തിലൂടെ മനുഷ്യ സമൂഹത്തിന് നന്മയും പിതൃക്കള്‍ക്ക് മോക്ഷവും ലഭിക്കുന്നു.
 
ശ്രദ്ധയോടെ ശ്രാദ്ധം നടത്തുമ്പോള്‍ പിതൃക്കള്‍ മാത്രമല്ല രുദ്രന്‍, ബ്രഹ്‌മാവ്, ഇന്ദ്രന്‍, വരുണന്‍, അശ്വനീദേവകള്‍, സൂര്യന്‍, അഗ്‌നി, അഷ്ടവസുക്കള്‍, വായു, വിശ്വദേവകള്‍, പശു, പക്ഷി തുടങ്ങി എല്ലാവരും അവനില്‍ തൃപ്തരാവുന്നു എന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നുണ്ട്.
 
കൂട്ടുകുടുംബം നിലനിന്നിരുന്ന ഭാരതീയ സമൂഹത്തില്‍ നമുക്ക് ജന്മം നല്‍കിയ നമ്മുടെ ദേഹത്തിന്റെ മൂലാധാരമായ അച്ഛനമ്മമാര്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും പിന്നീട് പിറകോട്ടുള്ള ഒട്ടേറെ തലമുറയില്‍ പെട്ടവര്‍ക്കും (പിതൃക്കള്‍ക്കും) സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുന്ന ചടങ്ങാണ് പിതൃതര്‍പ്പണം.
 
മുന്‍ തലമുറകളോടുള്ള കടപ്പാട് പിതൃതര്‍പ്പണത്തിലൂടെ നിര്‍വഹിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. നമ്മുടെ സംസ്‌കൃതിയുടെ വെളിച്ചം അണയാതെ തലമുറകളിലൂടെ കൈമാറുന്നു. ഇതാണ് പിതൃകര്‍മ്മത്തിന്റെ ലക്ഷ്യവും സന്ദേശവും.
 
ഇല്ലം, നെല്ലി, വല്ലം എന്ന പ്രമാണം ഉള്‍ക്കൊണ്ട് ആര്‍ക്കും പിതൃകര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. ഇല്ലം എന്നാല്‍ സ്വന്തം വീട്, നെല്ലി എന്നാല്‍ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം, വല്ലം എന്നാല്‍ തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം.
 
തിരുനെല്ലി ക്ഷേത്രത്തിലെ പാപനാസിനിയില്‍ ശ്രീരാമന്‍ അച്ഛനായ ദശരഥനുവേണ്ടി ഉദകക്രിയ ചെയ്തു എന്ന് പുരാണങ്ങളില്‍ പറയുന്നു. തിരുവല്ലത്തെ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം, തിലഹവനം, പ്രതിമാ സങ്കല്‍പ്പം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകര്‍മ്മങ്ങളും ആണ് നടത്താറുള്ളത്.
 
ശങ്കരാചാര്യര്‍ അമ്മയുടെ ചിതാഭസ്മം തിരുവല്ലം ക്ഷേത്രപരിസരത്ത് ഗംഗാതീര്‍ത്ഥം വരുത്തി നിമജ്ജനം ചെയ്താണ് പിതൃതര്‍പ്പണം നടത്തിയത്.
 
ആദ്യം പിതൃതര്‍പ്പണം നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. അച്ഛനായ ജമദഗ്‌നി മഹര്‍ഷിയെ കാര്‍ത്തവീരാര്‍ജ്ജുനന്‍ കൊന്നതില്‍ കോപാകുലനായ പരശുരാമന്‍ 21 പ്രാവശ്യം ക്ഷത്രിയരെ വധിച്ച് ആ രക്തം കൊണ്ട് പിതൃബലി ചെയ്തുവത്രെ !

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുത്ത വാവിന് ഇടുന്ന ബലിയുടെ പ്രാധാന്യം എന്തെന്നറിയാമോ