Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഈ കൊടും വെയിലില്‍ പൊള്ളലേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ !

വെയില്‍
, ബുധന്‍, 10 ഏപ്രില്‍ 2019 (15:31 IST)
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചൂടിനെയും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയും നേരിടാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുക എന്നത് എല്ലാവരും ചെയ്യേണ്ടതാണ്. അന്തരീക്ഷതാപം ക്രമാതീതമായി വര്‍ദ്ധിക്കുകയും പലയിടത്തും സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. സൂര്യതാപത്താല്‍ മരണം പോലും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 
 
ഈ കൊടും വരള്‍ച്ചക്കാലത്ത് വെയിലത്ത് ജോലിചെയ്യുന്നവര്‍ക്ക് വറ്റി വരണ്ട്‌ ചുവന്ന്‌ ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്‌, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്ന്‌ അബോധാവസ്ഥയും ഉണ്ടാകാം. സൂര്യതാപമേറ്റ്‌ പൊള്ളലേറ്റാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ചെയ്യണം. പൊള്ളിയ ഭാഗത്ത്‌ കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്‌. തണലുള്ള സ്ഥലത്തേക്ക്‌ മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട്‌ ശരീരമാസകലം തുടയ്ക്കണം. തുടര്‍ന്ന്‌ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സക്ക്‌ വിധേയമാക്കുകയും വേണം. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
വെയിലുള്ള സ്ഥലത്താണ്‌ ജോലിചെയ്യുന്നതെങ്കില്‍ ഇടയ്ക്ക്‌ തണലുള്ള സ്ഥലത്തേക്ക്‌ മാറിനിന്ന്‌ വിശ്രമിക്കണം. ദാഹമില്ലെങ്കിലും ഒരു മണിക്കൂര്‍ ഇടവിട്ട്‌ 1 - 2 ഗ്ലാസ്‌ വെള്ളം കുടിക്കുക, ജോലി സമയം ക്രമീകരിക്കുക, ഉച്ചക്ക്‌ 12 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമിച്ച്‌ രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത്‌ കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീടിനകത്ത്‌ ധാരാളം കാറ്റുകടക്കുന്ന രീതിയിലും ഉള്ളിലുള്ള ചൂട്‌ പുറത്തു പോകത്തക്ക രീതിയിലും ജനലുകളും വാതിലുകളും തുറന്നിടുക, വെയിലത്ത്‌ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക, പ്രത്യേകിച്ച്‌ കുട്ടികളെ ഇരുത്താതിരിക്കുക. 
 
സൂര്യതാപമേറ്റ്‌ പൊള്ളലേറ്റാല്‍ ശരീരം തണുപ്പിക്കുകയാണ്‌ പ്രാഥമിക ചികിത്സയില്‍ പ്രധാനം. വീശുക, ഫാന്‍, എസി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക മാത്രമല്ല എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, ജീവിതം അടിപൊളിയാകും!