മുടി ആരോഗ്യത്തോടെ തഴച്ചു വളരാൻ പുളി കാരണമാകുന്നത് എങ്ങനെ?
പ്രായഭേദമേന്യെ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് താരൻ.
കേശ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. മുടികൊഴിച്ചിൽ, താരൻ, മുടിയുടെ വരൾച്ച, അകാല നര എന്നീ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്ന പൊതുവിലുള്ള വിഷയങ്ങളാണ്.
മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങൾ തേടി ക്ഷീണിച്ചവരാണ് നമ്മളിൽ ഓരോരുത്തരും. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ചില മാർഗങ്ങൾ പുളിയിലുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
മുടിയുടെ വരൾച്ച മാറ്റാൻ വാളൻപുളി വെള്ളത്തിലിട്ട് കുതിർത്ത് അതിന്റെ പൾപ്പ് എടുത്ത് മാറ്റി വയ്ക്കുക. അൽപ്പം തേനേടുത്ത് മാറ്റി വച്ചിരിക്കുന്ന പൾപ്പിലേക്ക് ചേർക്കുക. ഇത് മുടിയിൽ തേച്ചു പിടിപ്പിച്ച് 10 മിനുറ്റ് മസാജ് ചെയ്യുന്നത് മുടിക്കു നല്ലതാണ്. ഇതു മുടിയുടെ വരൾച്ച ഇല്ലാതാക്കി മുടിക്ക് കറുപ്പ് നിറവും തിളക്കവും നൽകുന്നു. ഈ മാർഗ്ഗം ആഴ്ചയിൽ രണ്ടു തവണ ചെയ്യാവുന്നതാണ്.
പ്രായഭേദമേന്യെ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് താരൻ. താരനെ പറപറപ്പിക്കാൻ എന്തു ചെയ്യാം എന്ന് നോക്കാം. പുളി പിഴിഞ്ഞ വെള്ളത്തിൽ അൽപ്പം തൈര് മിക്സ് ചെയ്ത് തലയിൽ ചേർത്ത് പിടിപ്പിക്കുക. ഇതു അൽപ്പ സമയം കഴിഞ്ഞ് കഴുകി കളയണം. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് താരനെ ഇല്ലാതാക്കുന്നതിനു സഹായിക്കുന്നു.
മുടിയുടെ വളർച്ച വർധിപ്പിക്കുന്നതിന് എന്ത് ചെയ്യാം എന്ന് നോക്കാം. പുളി പിഴിഞ്ഞ വെള്ളത്തിൽ അൽപ്പം വെളിച്ചെണ്ണ മിക്സ് ചെയ്ത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് മുടിയുടെ വളർച്ച വർധിപ്പിക്കുന്നു. ഇത് ആഴ്ചയിൽ മൂന്ന് തവണ ചെയ്യാവുന്നതാണ്.
വാളൻപുളി വെള്ളത്തിലിട്ട് ക്രീം രൂപത്തിലാക്കിയത് മുടിയുടെ അറ്റത്ത് തേച്ചു പിടിപ്പിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കുന്നു. മാത്രമല്ല മുടിക്ക് ആരോഗ്യം നൽകുന്നതിനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യാവുന്നതാണ്.