Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം; നഴ്‌സറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കനത്ത ചൂട് കാരണം ബസില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം; നഴ്‌സറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (08:14 IST)
ഖത്തറില്‍ സ്‌കൂള്‍ ബസില്‍ നാലുവയസുകാരി മരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്‌കൂള്‍ ബസില്‍ ഇരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിനു കാരണമായത്. സ്‌കൂള്‍ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 
 
കനത്ത ചൂട് കാരണം ബസില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ - സൗമ്യ ദമ്പതികളുടെ മകള്‍ മിന്‍സയാണ് മരിച്ചത്. ദോഹ അല്‍വക്രയിലെ ദ് സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി 1 വിദ്യാര്‍ഥിനിയാണ് മിന്‍സ. ജന്മദിന ദിവസമാണ് ഈ ദാരുണാന്ത്യം. 
 
രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടി സ്‌കൂളിലെത്തുമ്പോഴേക്കും ഉറങ്ങിപ്പോയി. എല്ലാ കുട്ടികളും ബസില്‍ നിന്ന് ഇറങ്ങിയെന്ന് കരുതി ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു. 40 ഡിഗ്രിയില്‍ കൂടുതലായിരുന്നു ആ സമയത്ത് ചൂട്. ബസ്സിനുള്ളില്‍ പെട്ടുപ്പോയ കുട്ടിക്ക് ഈ ചൂട് സഹിക്കാന്‍ പറ്റിയില്ല. ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോധരഹിതയായ നിലയിലായിരുന്നു ആ സമയത്ത് കുട്ടി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വര്‍ഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ സ്കൂട്ടറുകളിലും എയർബാഗ് സംവിധാനം ഒരുക്കാൻ ഹോണ്ട