അഫ്‌ഗാനിസ്ഥാൻ നിയന്ത്രണം താൽബാൻ പിടിച്ചെടുത്തതോട് കൂടി ലോകമെങ്ങും അഫ്‌ഗാൻ സ്ത്രീകൾ അനുഭവിക്കാനിരുക്കുന്ന പീഡനങ്ങളെയോർത്ത് ആശങ്കകൾ നിറഞ്ഞിരുന്നു. എന്നാൽ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ സ്ത്രീകൾ തന്നെ തെരുവിൽ ശബ്‌ദമുയർത്തുന്ന കാഴ്‌ച്ചകളാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്.
താലിബാന്‍ ആയുധധാരി അഫ്ഗാന്‍ സ്ത്രീക്കു നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാൽ തോക്കിന് മുൻപിൽ പതറാതെ സ്ത്രീ നിർഭയയായി അയാൾക്ക് നേരെ നിന്ന് സംസാരിക്കുന്നതും ചിത്രത്തിൽ കാണാം. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റേതാണ് ചിത്രം.
ടോളോ ന്യൂസ് മാധ്യമപ്രവര്‍ത്തക സാറ റഹിമി ട്വീറ്റ് ചെയ്ത ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. നെഞ്ചിനു നേരെ തോക്കുചൂണ്ടിയ താലിബാന്‍ ആയുധധാരിയോട് നിര്‍ഭയമായി മുഖാമുഖം നില്‍ക്കുന്ന അഫ്ഗാന്‍ വനിത, എന്ന കുറിപ്പോടെയാണ് ചിത്രം അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് പട്ടാളത്തിന്റെ ടാങ്കിനു മുന്നില്‍ ഒറ്റയ്ക്ക് നിന്ന് പ്രതിരോധം തീർക്കുന്ന പ്രശസ്‌തമായ ടാങ്ക് മാൻ എന്ന ചിത്രത്തെയാണ് താലിബാനെതിരെയുള്ള അഫ്‌ഗാൻ സ്ത്രീയുടെ ചിത്രം ഓർമിപ്പിക്കുന്നത്.പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്ത്രീകളെ പിരിച്ചുവിടാന്‍ താലിബാന്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.