അതിവിദഗ്ധമായി ആടുകളെ മോഷ്ടിക്കുന്ന മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പലയിടത്തുനിന്നായി തുടര്‍ച്ചയായി ആടുകളെ മോഷ്ടിച്ച കേസിലെ പ്രതികളായ കന്യാകുമാരി മേപ്പാലം നിരപ്പുകാല പുത്തന്‍വീട്ടില്‍ അശ്വിന്‍(23),പാല മങ്കുഴി ചാലില്‍ അമല്‍(21),പള്ളിപ്പുറം പാച്ചിറ ചായപ്പുറത്തു വീട്ടില്‍ ഷഫീഖ് മന്‍സിലില്‍ ഷമീര്‍(21)എന്നിവരാണ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായത്.
ചാങ്ങയില്‍ കോണത്തുള്ള ഹബീബ മന്‍സിലില്‍ സജീനയുടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെ കഴിഞ്ഞ മാസം 31ന് പുലര്‍ച്ചെ മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പാച്ചിറയുള്ള വീട്ടില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിടിക്കപ്പെട്ട മൂന്ന് പ്രതികളും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
കൃത്യമായ പദ്ധതികളിട്ടാണ് യുവാക്കള്‍ മോഷണം നടത്തിയിരുന്നത്. പകല്‍ സമയം ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കറങ്ങി നടക്കും. ആടുകള്‍ ഉള്ള വീടുകള്‍ പ്രത്യേകം നോക്കിവയ്ക്കും. രാത്രി വാഹനങ്ങളില്‍ എത്തിയാണ് മോഷണം നടത്തുക. ആട് ബഹളം വയ്ക്കാതിരിക്കാന്‍ ആടിന്റെ മുഖത്ത് ഉപ്പ് തേക്കും. ഉപ്പ് നക്കിയെടുക്കുന്ന ആടിനെ മോഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുക. ഉപ്പ് നക്കി എടുക്കുന്നതിനാല്‍ ആട് കരയില്ല. അതുകൊണ്ട് ആടിനെ കടത്താന്‍ എളുപ്പമാണ്. ആടിനെ കാറിലാണ് കടത്തുക. അടുത്ത ദിവസം തന്നെ ഇവയെ ഇറച്ചി വിലയ്ക്ക് വില്‍ക്കും.