Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ല’; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

‘ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ല’; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്‌ടണ്‍ , വ്യാഴം, 21 മാര്‍ച്ച് 2019 (14:25 IST)
ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. ഒരു ഭീകരാക്രമണം കൂടി ഉണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണം. അത് ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്ന നടപടിയാകണം. പേരിനൊരു നടപടിയിൽ കാര്യം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം മണ്ണിൽ വേരോട്ടമുളള ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ ഭീകര സംഘടനകൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണു ലോകരാഷ്ട്രങ്ങൾ പാകിസ്ഥാനിൽ നിന്നു പ്രതീക്ഷിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയ്‌ക്കെതിരെ പ്രാരംഭ നടപടികൾ പാക് സര്‍ക്കാര്‍ തുടങ്ങിയത‌ു വാസ്തവമാണ്. എന്നാൽ ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ അത് അപര്യാപ്‌തമാണെന്നും യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സമ്മർദം അവസാനിക്കുമ്പോൾ പിടിയിലായ ഭീകരരെ വിട്ടയക്കുന്നതാണ് പാകിസ്ഥാന്റെ ചരിത്രം. അവരുടെ മണ്ണില്‍  സ്വതന്ത്രമായി വിഹരിക്കുന്ന ഭീകര നേതാക്കൾ ലോകമെമ്പാടും സഞ്ചരിക്കുന്നതും റാലികൾ നടത്തുന്നതും നാം കണ്ടിട്ടുള്ളതാണ്. ലോകരാഷ്ട്രങ്ങൾക്കൊപ്പം ചേർന്നു ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാൻ പാക്കിസ്ഥാനു മേൽ ശക്തമായ സമ്മർദം ചെലുത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീറ്റോ നീക്കം നടത്തുന്നതിൽ ശക്തമായ എതിർപ്പും വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരവ് മോദിയെ നാട്ടിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്രസർക്കാർ നീക്കം ?