ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐസ്) പ്രവര്‍ത്തിക്കവെ സിറിയയിലെ അഭയാർഥി ക്യാമ്പിൽ പത്തൊൻപതുകാരിയായ ഷെമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി ജന്മം നൽകിയ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം.
അഭയാർഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ മരണം ഷെമീമയുടെ അഭിഭാഷകനായ മുഹമ്മദ് അകുഞ്ചി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 17നാണ് ഷെമീമ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ക്യാമ്പിന് സമീപം തന്നെയുള്ള ജയിലിൽ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരൻ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്. ഇയാളെ മരണവിവരം അറിയിച്ചു. ഷെമീമയോടൊപ്പം സ്വന്തം നാട്ടിൽ തിരിച്ചെത്തി ജീവിക്കാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം റീഡിക് പറഞ്ഞിരുന്നു.
ഷെമീമയുടെ മൂന്നാമത്തെ കുട്ടിയാണ് മരിച്ചത്. പതിനഞ്ചാം വയസിൽ സിറിയയിലെത്തിയ ഷെമീമയ്ക്ക് ആദ്യമുണ്ടായ രണ്ടുകുട്ടികളും സമാനരീതിയിൽ തന്നെ മരണമടഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞിനെയെങ്കിലും സുരക്ഷിതമായി പ്രസവിച്ചു വളർത്താനാണ് ബ്രിട്ടനിലേക്ക് മടങ്ങാൻ ഷെമീമ മോഹിച്ചത്.
ഇതിന്റെ പേരിൽ ഐഎസ് പെൺകുട്ടിയുടെ പൗരത്വം തന്നെ ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു ഷെമീമ.