പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ
പുതിയ നയത്തിലൂടെ രാജ്യത്തെ നഴ്‌സിങ് വിദ്യഭ്യാസം വിപുലപ്പെടുത്താനും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സ്വദേശികളായവര്‍ക്ക് ദീര്‍ഘകാലം നഴ്‌സിങ് ജോലിയില്‍ തുടരാനുമുള്ള സാഹചര്യം ഒരുക്കാനുമാണ് ബഹ്‌റൈന്‍ ലക്ഷ്യമിടുന്നത്.
രാജ്യത്തെ തദ്ദേശീയരായ നഴ്‌സുമാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ബഹ്‌റൈന്‍. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനായി സ്വീകരിക്കുന്ന അടിയന്തിര നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. നിലവില്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ 90 ശതമാനവും വിദേശികളാണ്. ഇത് രാജ്യത്തിന്റെ ദീര്‍ഘകാല ആരോഗ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് കണ്ടാണ് പുതിയ നയരൂപീകരണം.
പുതിയ നയത്തിലൂടെ രാജ്യത്തെ നഴ്‌സിങ് വിദ്യഭ്യാസം വിപുലപ്പെടുത്താനും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സ്വദേശികളായവര്‍ക്ക് ദീര്‍ഘകാലം നഴ്‌സിങ് ജോലിയില്‍ തുടരാനുമുള്ള സാഹചര്യം ഒരുക്കാനുമാണ് ബഹ്‌റൈന്‍ ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യഭ്യാസ, ആരോഗ്യമന്ത്രാലയങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കും. നിലവില്‍ രാജ്യത്തുള്ള 10,299 ലൈസന്‍സുള്ള നഴ്‌സുമാരില്‍ 90 ശതമാനവും വിദേശികളാണ്. സര്‍ക്കാര്‍ മേഖലയില്‍ 7600 പേരും സ്വകാര്യമേഖലയില്‍ 2700 നഴ്‌സുമാരുമുണ്ട്. ഈ ആധിപത്യം ഒഴിവാക്കാനാണ് തീരുമാനം.
കൂടുതല്‍ വിദ്യാര്‍ഥികള്‍ നഴ്‌സിങ് മേഖലയിലേക്ക് വരുന്നത് മലയാളികളടക്കമുള്ളവരെയാകും ഏറ്റവും ബാധിക്കുക. സ്വദേശി വത്കരണത്തിന്റെ ഭാഗമായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും നഴ്‌സിങ് മേഖലയില്‍ സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.