'ഒരു കുറ്റവും ചെയ്തിട്ടില്ല, പക്ഷെ അറസ്റ്റ് ചെയ്യണം'; 93 വയസുള്ള മുത്തശ്ശിയുടെ വിചിത്ര ആഗ്രഹം സഫലീകരിച്ച് പൊലീസ്
ആഗ്രഹപ്രകാരം യുകെയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി പോലീസ് അവരെ അറസ്റ്റ് ചെയ്തു.
ബ്രിട്ടനിലെ 93 വയസ്സുള്ള ജോസീ സ്മിത്ത് എന്ന മുത്തശ്ശിയുടെ ആഗ്രഹം വളരെ വിചിത്രമായിരുന്നു. ഈ ജീവിതത്തില്‍ ഇതുവരെ ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത മുത്തശ്ശിക്ക് പോലീസ് തന്നെ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു ആഗ്രഹം. തന്റെ ആരോഗ്യം ഓരോ ദിവസവും മോശമാകുകയാണ്. അതിന് മുൻപായി തന്റെ ആഗ്രഹം സാധിച്ച് തരാന്‍ മുത്തശ്ശി ബന്ധുക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ മക്കളും കൊച്ചുമക്കളും ഒപ്പം യുകെ പോലീസും കൂടെ നിന്നു.
ആഗ്രഹപ്രകാരം യുകെയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി പോലീസ് അവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം സന്തോഷത്തോടെ , പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി വിലങ്ങുമായി നില്ക്കുന്ന ഫോട്ടോ കൊച്ചുമകളായ പാം സ്മിത്ത് ട്വിറ്ററില്‍ പങ്കുവച്ചു. തന്റെ പ്രായമുള്ള മുത്തശ്ശിയുടെ ആഗ്രഹം സാധിച്ച് നല്‍കിയതിന് യുകെ പോലീസിന് നന്ദി പറയുന്നതായിരുന്നു പാം സ്മിത്തിന്റെ ട്വീറ്റ്. അതോടുകൂടി സോഷ്യല്‍ മീഡിയയും മുത്തശ്ശിയെ ഏറ്റെടുത്തു.
” മുത്തശ്ശിക്ക് ഇപ്പോള്‍ 93 വയസായിരിക്കുന്നു. ആരോഗ്യം ഓരോ ദിവസം കഴിയുമ്പോഴും ക്ഷയിച്ച് വരികയാണ്. എന്തെങ്കിലും കാര്യത്താല്‍ അറസ്റ്റ് ചെയ്യപ്പെടണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. തന്റെ ആ ആഗ്രഹം അത്രമേല്‍ സന്തോഷത്തോടെ അവരിന്ന് ആസ്വദിച്ചു. അവരുടെ ആഗ്രഹം സാക്ഷാത്കരിച്ചതിന് നന്ദി” – പാം സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പാം തുടര്‍ന്ന് പറയുന്നു – മുത്തശ്ശി ഇതുവരെ ഒരിക്കലും ഒരു കുറ്റവും ചെയ്തിട്ടില്ല. ജീവിതത്തില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത് മുത്തശ്ശി ആസ്വദിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അറസ്റ്റ് ഹിറ്റ് ആയതോടെ സംഭവത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. ‘അസാധാരണമായ ആവശ്യം’ എന്നായിരുന്നു പോലീസ് മുത്തശ്ശിയുടെ ആഗ്രഹത്തെ വിശേഷിപ്പിച്ചത്.