ബെര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ മക്‌ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 പേർക്ക് പരിക്കേറ്റു. കൂടുതൽ പേരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡ്രൈവറായ അന്‍പതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയയാളാണ് പ്രതി. ഇയാള്‍ ഡോക്ടറാണ്. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
കാറില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തില്‍ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശി. വക്താവ് അറിയിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക ഭരണകൂടം അറിയിച്ചു.