വെല്ലിങ്ടണ്‍: ലോകത്തെ നടുക്കിയ ന്യൂസിലൻഡ് പള്ളി ആക്രമണക്കേസിൽ പ്രതിയായ ബ്രന്റണ്‍ ടറന്റിന് പരോളുകളില്ലാത്ത ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ആദ്യമായാണ് ന്യൂസിലൻഡിൽ ഇത്ര വലിയ ശിക്ഷ വിധിയ്ക്കുന്നത്. പ്രതി യാതൊരു ദയയും അർഹിയ്ക്കുന്നില്ല എന്നും, പ്രതി ചെയ്ത ക്രൂരതയ്ക്ക് എന്ത് ശിക്ഷ നൽകിയാലും മതിയാകില്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക സമുദായത്തിലെ മനുഷ്യരോടുള്ള വെറുപ്പ് ഉള്ളിൽ സൂക്ഷിച്ച് അവരെ കൊലപ്പെടുത്തിയ പ്രതിക്ക് എവിടേയും സ്ഥാനമില്ല എന്നും കോടതി വ്യക്തമാക്കി.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	പ്രതി ഇനി ഒരിക്കലും പുറംലോകം കാണരുതെന്നായിരുന്നു കോടതി വിധിയെ സ്വാഗതം ചെയ്ത് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ പ്രതികരണം. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കേസിൽ പ്രതിയുടെ വിചാരണ ആരംഭിച്ചത്. നാല് ദിവസം നീണ്ട വിചാരയിൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇരകളുമടക്കം 90 ഓളം പേര്‍ കോടതിയില്‍ എത്തി ആക്രമണത്തിന്റെ ഭീകരത കോടതിയിൽ വിശദീകരിച്ചു. 
 
									
										
								
																	
	 
	ഒരു വര്‍ഷം മുൻപ് തന്നെ ബ്രന്റണ്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ആക്രമണത്തിന് മുൻപ് തന്നെ ഡ്രോണ്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് പള്ളിയുടെ രൂപഘടനയും അവിടേക്കുള്ള വഴികളും പ്രതി മനസ്സിലാക്കിയിരുന്നു. എആര്‍-15എസ് അടക്കം ആറ് തോക്കുകളുമായാണ് ഇയാള്‍ ആക്രമണത്തിനെത്തിയത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 
 
									
											
							                     
							
							
			        							
								
																	
	 
	2019 മാര്‍ച്ചിലാണ് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച്ച നമസ്കാരം നടക്കുന്ന സമയത്ത് പ്രതി വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലൈവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്തിരുന്നു. 51 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പള്ളികള്‍ ആക്രമിച്ച ശേഷം അഷ്ബര്‍ട്ടന്‍ പള്ളിയേയും പ്രതി ലക്ഷ്യമിട്ടിരുന്നു. ഇവിടേക്ക് പോകുന്ന വഴിയാണ് പ്രതി പിടിക്കപ്പെട്ടത്.