ഒളിംപിക്‌സിനു എത്തിയ നാല്‍പ്പതിലേറെ അത്‌ലറ്റുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്
കോവിഡ് ഇപ്പോഴും പടരുന്നുണ്ടെന്നും ആഗോള തലത്തില്‍ ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി
പാരീസ് ഒളിംപിക്‌സ് വേദിയില്‍ കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ഒളിംപിക്‌സിനു എത്തിയ നാല്‍പ്പതിലേറെ അത്‌ലറ്റുകള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്തകള്‍. ആഗോള തലത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ ഒളിംപിക്‌സ് കാരണമാകുമോ എന്ന സംശയം ലോകാരോഗ്യ സംഘടനയും പ്രകടിപ്പിച്ചു.
കോവിഡ് ഇപ്പോഴും പടരുന്നുണ്ടെന്നും ആഗോള തലത്തില്‍ ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം ലാനി പാലിസ്റ്റര്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ക്കു നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിനു മുന്‍പ് ഓസ്‌ട്രേലിയയുടെ വനിതാ വാട്ടര്‍പോളോ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഒളിംപിക്‌സ് വേദിയില്‍ കോവിഡ് പടരുന്നതില്‍ ആശ്ചര്യമില്ല. ലോകത്ത് പലയിടത്തും കോവിഡ് ഇപ്പോഴും അതിവേഗം പ്രചരിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.