അങ്ങനെ സംഭവിച്ചാല്‍ ഒരുപാട് മരണങ്ങള്‍ കാണേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പ്
മുന്‍പത്തെ പകര്‍ച്ചവ്യാധിയില്‍ നിന്ന് ചൈനയിലെ വലിയൊരു ശതമാനം ആളുകളും പ്രതിരോധം ആര്‍ജിച്ചിട്ടില്ല
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പ്. കോവിഡ് മൂലം 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ വരെ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയുടെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കും സീറോ കോവിഡ് പോളിസിയും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്റലിജന്‍സ് ആന്റ് അനലിറ്റിക്‌സ് സ്ഥാപനത്തിന്റെ പഠനത്തില്‍ പറയുന്നത്.
' ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ പ്രതിരോധനിരക്ക് വളരെ കുറഞ്ഞതാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെട്ട സിനോവാക്, സിനോഫാം എന്നിവയാണ് കോവിഡ് വാക്‌സിന്‍ ആയി അവര്‍ സ്വീകരിച്ചിരിക്കുന്നത്. അവയ്ക്ക് കുറഞ്ഞ പ്രതിരോധ നിരക്കാണ് ഉള്ളത്. രോഗം പകരുന്നതില്‍ നിന്നും മരണത്തില്‍ നിന്നും ചെറിയ തോതിലുള്ള സംരക്ഷണം നല്‍കാന്‍ മാത്രമേ ഇതിനു സാധിക്കൂ,' റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍പത്തെ പകര്‍ച്ചവ്യാധിയില്‍ നിന്ന് ചൈനയിലെ വലിയൊരു ശതമാനം ആളുകളും പ്രതിരോധം ആര്‍ജിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹോങ് കോങ്ങിനു സമാനമായ ഒരു തരംഗം ചൈനയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 167 മുതല്‍ 279 മില്യണ്‍ വരെയുള്ള ആളുകള്‍ രോഗബാധിതരായേക്കാം. 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ വരെയുള്ള ആളുകളുടെ മരണത്തിലേക്കും അത് നയിച്ചേക്കാം. വാക്‌സിനേഷന്‍ പദ്ധതി ത്വരിതഗതിയില്‍ നടപ്പിലാക്കുകയാണ് അത്യാവശ്യമായി ചെയ്യേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.