അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു.കിഴക്കന്‍ പക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പാക് ആക്രമണം ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാന്‍ പ്രതിരോധ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു.
അഫ്ഗാനിലെ ബാര്‍മാല്‍ ജില്ലയിലെ 4 പോയിന്റുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു വീട്ടിലുണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെട്ടു. സ്വന്തം പ്രദേശത്തിന്റെ പരമാധികാരത്തിന്റെ സംരക്ഷണം അനിഷേധ്യമായ അവകാശമാണെന്നും പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിക്ക് മറുപടി നല്‍കുമെന്നും താലിബാന്‍ വ്യക്തമാക്കി. 2021ല്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റത് മുതല്‍ പാകിസ്ഥാനും താലിബാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. പാകിസ്ഥാന്‍ മണ്ണ് ലക്ഷ്യമിടുന്ന തീവ്രവാദികള്‍ക്ക് കാബൂള്‍ അഭയം നല്‍കുന്നതായാണ് ഇസ്ലാമാബാദിന്റെ ആരോപണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ 16 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം.