Publish Date: Wed, 04 Mar 2026 (16:38 IST)
Updated Date: Wed, 04 Mar 2026 (16:41 IST)
ടെല്‍ അവീവ്: ഇറാനില്‍ ഇസ്രായേലും യുഎസും സംയുക്തമായി വ്യോമാക്രമണം തുടരുന്നു. അതേസമയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതാണ്. ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നു എന്ന പ്രചാരണമുണ്ടായിരുന്നു. ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ ഇപ്പോള്‍ അവകാശവാദം നിഷേധിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഇറാനെ ആക്രമിക്കുന്നതിനെക്കുറിച്ച് ഇസ്രായേല്‍ ചിന്തിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ ശരിയായ സമയം വന്നപ്പോള്‍ അവര്‍ ആക്രമിച്ചു. മോദിയുടെ സന്ദര്‍ശന വേളയില്‍ പ്രാദേശിക വികസനത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. മോദി ഇന്ത്യയില്‍ തിരിച്ചെത്തിയ രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയില്ല. ഫെബ്രുവരി 25 നും 26 നും മോദി ഇസ്രായേലിലായിരുന്നു.
ഇറാനെതിരായ ആക്രമണം ഫെബ്രുവരി 28 നാണ്,' റൂവന്‍ അസര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശന വേളയില്‍ മോദി ഇസ്രായേല്‍ പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു. അന്ന് നെതന്യാഹു നരേന്ദ്ര മോദിയെ 'സഹോദരന്‍' എന്നാണ് അഭിസംബോധന ചെയ്തത്.