വിദേശരാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയെ സാമ്പത്തികമായി മുന്നോട്ട് നയിക്കാനായി അമേരിക്കയ്ക്ക് മുകളില്‍ മറ്റ് രാജ്യങ്ങള്‍ എങ്ങനെയാണോ നികുതി ചുമത്തുന്നത് അതിനനുസരിച്ചുള്ള പകരച്ചുങ്കമാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അതേ രീതിയിലും നികുതി ഉയര്‍ത്തി. ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതി തീരുവയും ചൈനയ്ക്ക് മുകളില്‍ 34 ശതമാനം തീരുവയും യൂറോപ്യന്‍ യൂണിയന് മുകളില്‍ 20 ശതമാനവും ജപ്പാന് മുകളില്‍ 24 ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിത്. വിമോചന ദിനമെന്നാണ് ഈ പ്രഖ്യാപനം വന്ന ദിവസത്തെ ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയിലെ നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും വ്യാപാരകമ്മി കുറയ്ക്കാനും നടപടികള്‍ അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും ഇനി കാണാനാവുകയെന്നും ട്രംപ് വ്യക്തമാക്കി.