അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ തീരുവ കുറയ്ക്കാന്‍ അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളായി മറ്റു രാജ്യങ്ങള്‍ അമേരിക്കക്കെതിരെ വന്‍ തീരുവകളാണ് ചുമത്തുന്നത്. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ നമ്മളും പകരത്തിന് പകരം എന്ന നിലയില്‍ തീരുവ ചുമക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, കാനഡ യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്ക ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന തീരുവയാണ് തങ്ങളില്‍ നിന്ന് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100% അധികം തീരുവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.