'ഇവിടെ സ്ത്രീയും പുരുഷനും മതി'; ലൈംഗിക ന്യൂനപക്ഷത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തെക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുടിയേറ്റത്തെ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ട്രംപ് ആദ്യ പ്രസംഗത്തില്‍ നല്‍കിയത്
യുഎസിന്റെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാള്‍ഡ് ട്രംപ് കന്നി പ്രസംഗത്തില്‍ ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷ ഭാഷയിലാണ് ട്രംപ് സംസാരിച്ചത്. യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം മതിയെന്ന് ട്രംപ് പറഞ്ഞു. മറ്റു ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
തെക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുടിയേറ്റത്തെ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ട്രംപ് ആദ്യ പ്രസംഗത്തില്‍ നല്‍കിയത്. ' അമേരിക്ക ഫസ്റ്റ് എന്നതായിരിക്കും മുദ്രാവാക്യം. നമ്മളെ മുതലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അമേരിക്കയില്‍ ഇത്തിള്‍ക്കണ്ണികളായി നുഴഞ്ഞുകയറിയ ലക്ഷക്കണക്കായ 'അന്യഗ്രഹ ജീവികളെ' വന്നയിടത്തേക്കു തിരിച്ചയയ്ക്കും,' ട്രംപ് പറഞ്ഞു.
മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റുമെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. പനാമ കനാല്‍ ചൈന നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ച ട്രംപ് പനാമ കനാല്‍ തിരിച്ചെടുക്കുമെന്നും പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഭാര്യ ജില്‍ ബൈഡന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. ഇന്ത്യന്‍ സമയം ജനുവരി 20 തിങ്കള്‍ രാത്രി 10.30 നായിരുന്നു സത്യപ്രതിജ്ഞ.