ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്
നെതന്യാഹുവിന്റെ നടപടിയെ പിന്തുണച്ച് അമേരിക്ക
ഒക്ടോബര്‍ പത്തിന് ഗാസയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേലി സൈനികരെ ഹമാസ് ആക്രമിച്ചെന്നും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള നിബന്ധനകള്‍ തെറ്റിച്ചെന്നും കാണിച്ച് ശക്തമായ ആക്രമണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ ഉത്തരവിട്ടിരുന്നു.
ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ നടപടിയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. യുഎസിനെ അറിയിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ആക്രമിച്ചതെന്നും ഇസ്രായേല്‍ ചെയ്തത് ശരിയാണെന്നും ഈ ആക്രമണം വെടിനിര്‍ത്തല്‍ കരാറിനെ അപകടത്തിലാക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമങ്ങളോടാണ് ട്രംപ് പ്രതികരിച്ചത്.
അവര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അതുകൊണ്ട് ഇസ്രായേലികള്‍ തിരിച്ചടിക്കുന്നു. അവര്‍ തിരിച്ചടിക്കണം. ട്രംപ് പറഞ്ഞു. തെക്കന്‍ ഗാസയിലെ റഫാ മേഖലയിലടക്കം ഇസ്രായേലി സൈനികര്‍ക്ക് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ആക്രമണം. എന്നാല്‍ ഈ ആരോപണത്തെ ഹമാസ് നിഷേധിച്ചു.