റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഹമാസിനേക്കാള്‍ വലിയ ഭീകരനാണെന്ന് തുറന്നടിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം ഹമാസ്- ഇസ്രായേല്‍ സംഘര്‍ഷത്തേക്കാള്‍ വലുതാണെന്നും ഹമാസിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയ പോലെ പുടിനെ നിയന്ത്രിക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താനും തയ്യാറാണെന്ന് ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. അതേസമയം അമേരിക്കയില്‍ നിന്നും ദീര്‍ഘദൂര മിസൈലായ ടോമഹോക്ക് വേണമെന്നുള്ള സെലന്‍സ്‌കിയുടെ അഭ്യര്‍ഥന ട്രംപ് തള്ളി കളഞ്ഞു. റഷ്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി സമാധാന ചര്‍ച്ചകളിലേക്ക് കടക്കാനും അല്ലെങ്കില്‍ റഷ്യന്‍ ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞോളുവെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.