Sheikh Hasina, Taslima Nasreen
ആരെ പ്രീതിപ്പെടുത്താനോ തന്നെ രാജ്യത്ത് നിന്നും പുറത്താക്കിയത് അതേ ആളുകള്‍ കാരണമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും രാജ്യം വിടേണ്ടി വന്നതെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെയാണ് തസ്ലീമയുടെ പ്രതികരണം.
1999ല്‍ മരണക്കിടക്കിലായിരുന്ന എന്റെ അമ്മയെ കാണാന്‍ ബംഗ്ലാദേശില്‍ പ്രവേശിച്ച എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനായി രാജ്യത്ത് നിന്നും പുറത്താക്കി. പിന്നീടൊരിക്കല്‍ പോലും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ ഹസീന രാജ്യം വിടാന്‍ നിര്‍ബന്ധിതയാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്. സ്വന്തം അവസ്ഥയ്ക്ക് ഹസീന തന്നെയാണ് ഉത്തരവാദി. അവര്‍ ഇസ്ലാമിസ്റ്റുകളെ വളര്‍ത്തി. അഴിമതി ചെയ്യാന്‍ സ്വന്തം ആളുകളെ അനുവദിച്ചു. ബംഗ്ലാദേശ് പാകിസ്ഥാന്‍ പോലെയടെന്നും അധികാരം സൈന്യത്തിലേക്ക് പോകാതെ ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കണമെന്നും തസ്ലീമ ആവശ്യപ്പെട്ടു.
1993ല്‍ ബംഗ്ലാദേശിലെ വര്‍ഗീയ കലാപങ്ങളെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലജ്ജ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് തസ്ലീമ നസ്രീനെ ബംഗ്ലാദേശ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ബംഗ്ലാദേശില്‍ പുസ്തകം നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. നിലവില്‍ ദില്ലിയിലുള്ള ഷെയ്ഖ് ഹസീന ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.