പലഹാരപ്പൊതിയെന്നു പറഞ്ഞ് ബന്ധു കൊടുത്തത് കഞ്ചാവ്; ഖത്തറിലേക്കുള്ള പ്രവാസി യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുറഞ്ഞ അളവിൽ ചിപ്സ് കൊടുത്തയയ്ക്കുന്നതിൽ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് പൊതിക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.
തെയ്യാല കല്ലത്താണി സ്വദേശി കക്കോടി ആബിദാണ് ചതിയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലേക്കു യാത്രപുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് ഭാര്യയുടെ ബന്ധു ചിപ്സിന്റെ പൊതി ആബിദിനെ ഏൽപ്പിച്ചത്.
സുഹൃത്ത് ഖത്തറിലെ മുറിയിൽ എത്തി വാങ്ങുമെന്നും പറഞ്ഞിരുന്നു. കുറഞ്ഞ അളവിൽ ചിപ്സ് കൊടുത്തയയ്ക്കുന്നതിൽ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് പൊതിക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് താനൂർ പൊലീസെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു.
പൊതി ഏൽപ്പിച്ചയാൾ തിരൂർ പൊലീസ് ലൈനിലെ പൊതുശ്മശാനത്തിന് അടുത്തുള്ള ആളാണെന്നു ബന്ധു പറഞ്ഞു. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
ഏതാനും മാസം മുൻപ് താനാളൂർ, വളാഞ്ചേരി ഭാഗങ്ങളിലെ യുവാക്കൾ മുഖേന വിദേശ രാജ്യങ്ങളിലേക്ക് ലഹരിവസ്തുക്കളും സ്വർണവും കടത്തുന്ന സംഘത്തിന്റെ വലയിൽപെട്ട് പിടിയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി താനൂർ പൊലീസ് പറഞ്ഞു.