പാരീസ്: അൻപതുപേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യപാസ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരങ്ങളാണ് ശനിയാഴ്‌ച്ച തെരുവിലിറങ്ങിയത്.
കഫേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇരുന്നുള്ള ഭക്ഷണം, പൊതുഗതാഗതം തുടങ്ങിയവയ്ക്ക് കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന ആരോഗ്യ പാസ് ഹാജരാക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇതിനെതിരെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സർക്കാർ കടന്നുകയറുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.
രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പതിനഞ്ചു ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മാത്രമെ ആൾക്കൂട്ടമുള്ള പ്രദേശങ്ങളിൽ പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കാർ തീരുമാനം.
സിനിമാ തീയറ്ററുകൾ, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശനത്തിന് ജൂലായ് 21 മുതൽത്തന്നെ ഫ്രാൻസിൽ ആരോഗ്യ പാസ് നിർബന്ധമാണ്. സമാനമായ നിയമങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇറ്റലിയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.