മൃതദേഹത്തിനു ആദരമര്‍പ്പിക്കുന്നവര്‍, പാക് പതാക പുതപ്പിച്ച ശവപ്പെട്ടികള്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള കാഴ്ച
പാക്കിസ്ഥാന്‍ പൗരന്‍മാര്‍ മൃതദേഹത്തിനു ആദരമര്‍പ്പിക്കുന്നതും ശവപ്പെട്ടികളില്‍ പാക് ദേശീയ പതാക പുതപ്പിച്ചിരിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള കാഴ്ചകള്‍ ചര്‍ച്ചയാകുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു.
പാക്കിസ്ഥാന്‍ പൗരന്‍മാര്‍ മൃതദേഹത്തിനു ആദരമര്‍പ്പിക്കുന്നതും ശവപ്പെട്ടികളില്‍ പാക് ദേശീയ പതാക പുതപ്പിച്ചിരിക്കുന്നതുമായ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ഇന്ത്യ നടപ്പിലാക്കിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇന്ത്യ അവകാശപ്പെടുന്നു. പാക്കിസ്ഥാന്റെ സൈനിക ക്യാംപുകള്‍ക്കെതിരെ യാതൊരുവിധ അക്രമങ്ങളും നടത്തിയിട്ടില്ലെന്നും സൈന്യം പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്‍പത് ഇടങ്ങളിലായി 80 ലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍.
ഒരു വീഡിയോയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടി ചുമന്നുപോകുന്നത് കാണാം. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാക് സൈനികന്റെ മൃതദേഹമായിരിക്കുമോ ഇതെന്നാണ് വീഡിയോയ്ക്കു താഴെ ഉയര്‍ന്നിരിക്കുന്ന ചോദ്യം. തങ്ങളുടെ സൈനികരില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.