India vs Pakistan: ഇവിടം കൊണ്ട് തീരില്ല; അവധിയിലുള്ള അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, തുറന്ന പോര്?
അവധിയിലുള്ള അര്‍ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരോടു തിരിച്ചുവരാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു
India vs Pakistan: പഹല്‍ഗാം ഭീകരാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ മറുപടി നല്‍കിയ ഇന്ത്യ തുടര്‍ പ്രത്യാക്രമണങ്ങള്‍ നടത്താന്‍ സാധ്യത. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
അവധിയിലുള്ള അര്‍ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരോടു തിരിച്ചുവരാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തരമായി അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണം ഇന്ത്യയിലെ 25 സ്ത്രീകളെയാണ് വിധവകളാക്കിയത്. ഭീകരാക്രമണത്തില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയായാണ് പ്രത്യാക്രമണത്തിനു ഇന്ത്യന്‍ സേന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ടത്.
തങ്ങള്‍ വിവാഹിതരാണെന്നു സൂചിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന വസ്തുവാണ് സിന്ദൂരം. ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതോടെ സ്ത്രീകള്‍ സിന്ദൂരം തൊടുന്നതും ഒഴിവാക്കും. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ക്കാന്‍ കാരണക്കാരായ ഭീകരവാദികള്‍ക്കു നല്‍കുന്ന മറുപടിയായതുകൊണ്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.