ഹെയ്തി പ്രസിഡന്റ് ജൊവെനല്‍ മോസെയെ അക്രമികള്‍ വെടിവച്ചത് 12 തവണ. ശരീരത്തില്‍ നിന്ന് 12 ബുള്ളറ്റുകള്‍ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. മോസെയുടെ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അതിഭയാനകമായ കാഴ്ചയാണ് കണ്ടതെന്ന് പൊലീസ് പറയുന്നു.
28 പേരടങ്ങുന്ന അക്രമിസംഘത്തെയാണ് പൊലീസ് പിടികൂടിയത്. 26 കൊളംബിയന്‍ സൈനികരും രണ്ട് ഹെയ്തിയന്‍ അമേരിക്കന്‍ സ്വദേശികളുമാണ് പിടിയിലായത്. ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ ഒരു വീട്ടില്‍ നടന്ന വെടിവെയ്പ്പിലാണ് ഭൂരിഭാഗം പേരും പിടിയിലായത്. നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നാണ് അക്രമികളെ കീഴടക്കിയത്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരു സംഘം തോക്കുധാരികള്‍ പ്രസിഡന്റിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പ്രസിഡന്റ് ജൊവെനെല്‍ മോസെയെ വെടിവെച്ച് കൊന്നു. ഭാര്യക്കും പരുക്കേറ്റിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പ്രസിഡന്റിന്റെ പോരാട്ടമാണ് അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്.