India - China: ചൈനയോടു കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും, യൂറിയ കയറ്റുമതി നിയന്ത്രണം നീക്കി
ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ അടുത്ത മാസം പുനരാരംഭിക്കും
India - China: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ചൈനയുമായി ഇന്ത്യ അടുക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ അടുത്ത മാസം പുനരാരംഭിക്കും. ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ വ്യോമയാന കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചൈനീസ് പൗരന്മാര്‍ക്കു വിനോദസഞ്ചാരത്തിനായുള്ള വീസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഓഗസ്റ്റ് 31 നു ചൈനയിലേക്ക് പോകുന്നുണ്ട്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 2019 നു ശേഷമാണ് നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം. മോദിയുടെ സന്ദര്‍ശനത്തെ ചൈന സ്വാഗതം ചെയ്തു.
യൂറിയ കയറ്റുമതി നിയന്ത്രണവും ചൈന നീക്കി. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായി. 2023-24ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.
യുഎസിനെ ഒറ്റപ്പെടുത്താന്‍ ചൈനയുടെ സഹായം ഇന്ത്യ തേടിയിരുന്നു. തീരുവ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ചൈനയ്ക്ക്. 'നികുതി ദുരുപയോഗം' ആണ് യുഎസ് നടപ്പിലാക്കുന്നതെന്ന് ചൈന വിമര്‍ശിച്ചു. ഇന്ത്യക്കുമേലുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവ അമേരിക്ക പിന്‍വലിക്കണമെന്നാണ് ചൈനയുടെ നിലപാട്.