സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ തെളിവുകള്‍; തിരുവനന്തപുരം സ്വദേശി പൂങ്കുന്നത്തെ പട്ടികയില്‍, ബിജെപി ഉപാധ്യക്ഷനു ജില്ലാ നേതാവിന്റെ വിലാസത്തില്‍ വോട്ട് !
തിരുവനന്തപുരം പുന്നയ്ക്കാമുകള്‍ സ്വദേശി സന്തോഷ് കുമാറാണ് തൃശൂര്‍ പൂങ്കുന്നത്തെ വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. തൃശൂര്‍ പൂങ്കുന്നത്തെ ക്യാപിറ്റല്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്ത വ്യക്തി തിരുവനന്തപുരം സ്വദേശി.
തിരുവനന്തപുരം പുന്നയ്ക്കാമുകള്‍ സ്വദേശി സന്തോഷ് കുമാറാണ് തൃശൂര്‍ പൂങ്കുന്നത്തെ വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ കരട് വോട്ടര്‍ പട്ടികയിലും ഇയാള്‍ക്ക് വോട്ട് തിരുവനന്തപുരത്തെ പാങ്ങോട് എല്‍പി സ്‌കൂളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇയാളുടെ പേര് പൂങ്കുന്നത്തെ വോട്ടര്‍ പട്ടികയില്‍ വന്നതായാണ് കണ്ടെത്തല്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് സന്തോഷ് കുമാര്‍.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണനും ക്രമക്കേടിലൂടെയാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ ആയ ഉണ്ണികൃഷ്ണന് തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ആതിരയുടെ വിലാസത്തിലാണ് വോട്ട് ചെയ്തത്. ഇയാള്‍ക്ക് ഇപ്പോള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും പൊന്നാനിയിലും വോട്ട് ഉള്ളതായാണ് വിവരങ്ങള്‍. എന്നാല്‍ തൃശൂരില്‍ മാത്രമാണ് താന്‍ വോട്ട് ചെയ്തതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.