Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ച് ഇറാൻ, കുവൈത്തിലെ ജലശുദ്ധീകരണ പ്ലാൻ്റിൽ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

അമേരിക്കന്‍-ഇസ്രായേല്‍ സഖ്യശക്തികള്‍ ഇറാനില്‍ ആക്രമണം നടത്തിയതിന്റെ പ്രതികാര നടപടിയെന്ന നിലയിലാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നത്.

Iran- USA war
കുവൈത്ത് സിറ്റി: യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ കടുപ്പിച്ച് ഇറാന്‍. കുവൈത്തിലെ വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വൈദ്യുത നിലയങ്ങള്‍ക്കും ഒരു ജലശുദ്ധീകരണ പ്ലാന്റിനും കനത്ത കേടുപാടുണ്ടായി. ഈ സംഭവത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ ആകെ എണ്ണം ഏഴായി ഉയര്‍ന്നു.
 
യുദ്ധം ആരംഭിച്ചതു മുതല്‍ സൗദി അറേബ്യയില്‍ ഒരാള്‍, ഒമാനില്‍ രണ്ടുപേര്‍, യുഎഇയില്‍ രണ്ടുപേര്‍ എന്നിങ്ങനെ ഗള്‍ഫ് മേഖലയില്‍ ആകെ ആറ് ഇന്ത്യക്കാര്‍ ഇതിനുമുന്‍പ് കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമേ ഒരാളെ കാണാതാവുകയും ചെയ്തു. അമേരിക്കന്‍-ഇസ്രായേല്‍ സഖ്യശക്തികള്‍ ഇറാനില്‍ ആക്രമണം നടത്തിയതിന്റെ പ്രതികാര നടപടിയെന്ന നിലയിലാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നത്.
 
യുഎഇക്ക് നേരെ ആക്രമണങ്ങളുണ്ടായെങ്കിലും ഇതെല്ലാം ഫലപ്രദമായി ചെറുത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് തുടര്‍ച്ചയായി സ്‌ഫോടക ശബ്ദ്ങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.
 
ഗള്‍ഫ് ഭരണകൂടങ്ങളുടെ കണക്കനുസരിച്ച്, ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഈ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത് നേതൃത്വങ്ങളുമായി ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇറാന്‍, അമേരിക്ക നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സഹായിക്കുന്നതിനുമായി ഇന്ത്യന്‍ ദൗത്യസംഘങ്ങള്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 
ഗള്‍ഫ് മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍, ഈ സംഘര്‍ഷം തുടരുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ AI വീഡിയോകളുടെയും റീലുകളുടെയും ആധിപത്യം