'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്
മുൻപത്തേതു പോലെ ഹോർമുസ് കടലിടുക്ക് അടയ്ക്കും. ഉപരോധമെന്ന പേരിൽ യുഎസ് കടൽക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്നും ഇറാൻ ഐആർജിസി ആരോപിച്ചു
Publish Date: Sat, 18 Apr 2026 (17:19 IST)
Updated Date: Sat, 18 Apr 2026 (17:27 IST)
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാൻ വിശദീകരിച്ചു. ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉടൻ പിൻവലിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
മുൻപത്തേതു പോലെ ഹോർമുസ് കടലിടുക്ക് അടയ്ക്കും. ഉപരോധമെന്ന പേരിൽ യുഎസ് കടൽക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്നും ഇറാൻ ഐആർജിസി ആരോപിച്ചു. ഹോർമുസ് പൂർവസ്ഥിതിയിലേക്കു മടങ്ങുകയാണ്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ സായുധസേനയുടെ കർശനമായ നിയന്ത്രണത്തിലായിരിക്കും. ഇറാനിലേക്കുള്ളതും ഇറാനിൽ നിന്നുള്ളതുമായ കപ്പലുകൾക്ക് പൂർണ സഞ്ചാര സ്വാതന്ത്ര്യം യുഎസ് അനുവദിക്കും വരെ ഹോർമുസിലെ നിയന്ത്രണം തുടരുമെന്നാണ് ഇറാന്റെ നിലപാട്.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അടച്ചിട്ട ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെയാണ് തുറന്നത്. ലെബനാനിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ വാണിജ്യ കപ്പലുകൾക്കും വെടിനിർത്തൽ ധാരണ നിലനിൽക്കുന്ന കാലയളവിൽ ഹോർമുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹോർമുസ് ഇറാൻ തുറന്നെങ്കിലും യുഎസിന്റെ സൈനിക ഉപരോധം തുടരുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ ഈ നിലപാടാണ് ഇറാന്റെ ഇപ്പോഴത്തെ നിയന്ത്രണത്തിനു കാരണം.