ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടി ഇറാൻ. ഇറാനിൽ ഉന്നത സൈനിക മേധാവിയായിരുന്ന ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിൽ ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് ഇറാൻ നീക്കം നടത്തുന്നത്ത്. ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിയ്ക്കണം എന്ന ആവശ്യവുമായി ഇറാൻ ഇന്റർപോളിനെ സമീപിച്ചു.
ഇറാൻ ജുഡീഷ്യൽ വക്താവ് ഖൊലാം ഹൊസെയ്ൻ ഇസ്മായിലിയാണ് ഇക്കര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ട്രംപിനെ കൂടാതെ 47 അമേരിക്കൻ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനും ഇറാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാൽ ഇറാന്റെ ആവശ്യം ഇന്റർപോൾ തള്ളുകയായിരുന്നു. രാഷ്ട്രീയ, സൈനിക, മത, വംശീയ, ഇടപെടലുകളിൽ കേസുകൾ ഏറ്റെടുക്കില്ലെന്ന് ഇന്റർപോൾ ഇറാനെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഇറാൻ നീക്കം നടത്തുന്നത്. ജൂണിൽ ടെഹ്റാൻ പ്രോസിക്യൂട്ടർ അലി അൽഖാസിമെഹർ ട്രംപിനെ അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു.