ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്-1’ എന്ന ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നു റിപ്പോർട്ട്. ഇറാനിലെ ഗ്രേസ്-1 കമ്പനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27) ആണ് ഒരാള്‍. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേര്‍.
എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലില്‍ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കപ്പല്‍ കമ്പനി ഉടമകളാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാര്‍ കപ്പലിലുണ്ട്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്.