ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജൂണ്‍ 16നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ചെറിയ പരിക്കേറ്റത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു. ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനാണ് പരിക്കേറ്റത്. ഇറാന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 16നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ചെറിയ പരിക്കേറ്റത്. ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം.
ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്. യോഗത്തില്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കെട്ടിടത്തിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ സാധിക്കാത്ത രീതിയില്‍ വായുപ്രവാഹം തടഞ്ഞ് വിഷപുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്.
എന്നാല്‍ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ യോഗത്തില്‍ ഉണ്ടായിരുന്നവര്‍ ഇതിലൂടെ രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇസ്രയേലിന്റെ ആക്രമണം കൃത്യമായതിന് പിന്നില്‍ നുഴഞ്ഞുകയറിയ ചാരന്റെ സാന്നിധ്യം ഇറാന്‍ ഉറപ്പിച്ചു.