ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പിന്തുണയുമായി ജിസിസി രാജ്യങ്ങള്‍. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയേയും പിന്തുണയ്ക്കുമെന്നാണ് ദോഹയിലെത്തിയ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉറപ്പ് നല്‍കിയത്. ഇസ്രായേലിന്റേത് ക്രിമിനല്‍ നടപടിയാണെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. അതേസമയം അക്രമണം ഇസ്രായേലിന്റെ മാത്രം തീരുമാനമെന്ന് പറഞ്ഞുകൊണ്ട് അമേരിക്ക വിഷയത്തില്‍ നിന്നും കൈകഴുകി. തിരിച്ചടിക്ക് ഖത്തര്‍ സജ്ജമാണെന്ന ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ.
ഹമാസ് നേതാക്കളെ കൊലപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായതോടെയാണ് ഇസ്രായേല്‍ ആക്രമണത്തില്‍ അകലം പാലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അക്രമണം നെതന്യാഹുവിന്റെ മാത്രം തീരുമാനമാണെന്നും അമേരിക്കയുടെ സഖ്യരാജ്യത്തെ ആക്രമിക്കുന്നത് ഇസ്രായേലിന്റെയും യുഎസിന്റെയും ലക്ഷ്യങ്ങളെ സഹായിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഒക്ടോബര്‍ 7 ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു അക്രമണത്തെ ന്യായീകരിച്ചത്.