Israel - Hamas Ceasefire: 'ട്രംപിനും ബൈഡനും നന്ദി' നെതന്യാഹുവിന്റെ മനസ്സില്‍ എന്ത്? വെടിനിര്‍ത്തല്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായിരിക്കും മുന്‍ഗണന
Israel - Hamas Ceasefire: ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെയായി നീണ്ട ചര്‍ച്ചകളാണ് വെടിനിര്‍ത്തല്‍ കരാര്‍ ഇരു കൂട്ടരും അംഗീകരിക്കുന്നതിലേക്ക് നയിച്ചത്. ആക്രമണം ആരംഭിച്ച് 15-ാം മാസമാണ് കരാര്‍ നിലവില്‍ വരുന്നത്. മൂന്ന് ഘട്ടമായാകും വെടിനിര്‍ത്തല്‍ നടപ്പാക്കുക.
ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായിരിക്കും മുന്‍ഗണന. ഇതിനുപകരമായി ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ 16-ാം ദിനം ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചര്‍ച്ച ഇസ്രയേല്‍ ആരംഭിക്കും. അതും വിജയിച്ചാല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.
ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന 20നു മുന്‍പ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്താന്‍ യുഎസ് സമ്മര്‍ദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിര്‍ത്തലിലേക്കു നയിച്ചതെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ഫോണില്‍ സംസാരിച്ചു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ വിട്ടയയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ട്രംപിനും ബൈഡനും നന്ദി പറയുന്നതായും ഇരുവരും വാഷിങ്ടണില്‍ വെച്ച് ഉടന്‍ നേരില്‍ കാണാമെന്ന് വാക്കുനല്‍കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം യുഎസിന്റെ സഹായത്തോടെ നെതന്യാഹു പുതിയ തന്ത്രങ്ങള്‍ മെനയുകയാണോ എന്ന സംശയം ഹമാസിനുണ്ട്.