ജറുസമേലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ആളിപ്പടര്‍ന്ന് കാട്ടുതീ. തീ നിയന്ത്രണവിധേയമാവാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ് ഇസ്രായേല്‍. ആയിരക്കണക്കിന് ആളുകളെയാണ് പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചത്. നിരവധി പേര്‍ക്ക് പരിക്കുണ്ടെങ്കിലും ഇതുവരെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ സ്മരിക്കുന്ന ദിവസത്തിലാണ് ഈ വന്‍ അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ച രാത്രിയിലെ കണക്കുകള്‍ പ്രകാരം 3,000 ഏക്കറോളം പ്രദേശം കത്തിനശിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ശ്രമത്തെ ദുഷ്‌കരമാക്കുന്നത്. 160 ലേറെ അഗ്‌നിശമനസേന യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വിമാനങ്ങളെ കൂടാതെ ഹെലികോപ്റ്ററുകളും ഉദ്യമത്തില്‍ ഭാഗമാണ്. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി സൈന്യവും പ്രദേശത്തുണ്ട്. കാട്ടുതീയെ തുടര്‍ന്ന് ദേശീയപാതകള്‍ ഉള്‍പ്പെടുന്ന പ്രധാന റോഡുകളെല്ലാം അടച്ചു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ തീപ്പിടുത്തമാണ് ഇതെന്നാണ് വിവരം.