ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചുവെന്ന അഭ്യൂഹം തള്ളി പാക് മാധ്യമം. പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയിലാണ് മസൂദ് അസറെന്നും ആരോഗ്യനില തീരെ മോശമായതിനാൽ ദിവസവും ഡയാലിസിസ് നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിൽ ഇന്നലെയാണ് മസൂദ് മരിച്ചുവെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നത്.
എന്നാൽ, ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. പാക്കിസ്ഥാൻ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. വൃക്കകൾ തകരാറിലായതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു മസൂദ് അസർ. അസറിന് എഴുന്നേറ്റ് നടക്കാൻ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു. വാർത്തകളെ തുടർന്ന് അസ്‌ഹറിനെ ഉടൻ സൈനിക ആശുപത്രിയിൽനിന്നു മാറ്റുമെന്നും പ്രചാരണമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.