കുല്‍ഭൂഷണ്‍ യാദവ് കേസ്: രാജ്യാന്തര കോടതിയെ വെല്ലുവിളിക്കാനൊരുങ്ങി പകിസ്ഥാന്‍ - കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും
കുല്‍ഭൂഷണ്‍ യാദവ് കേസില്‍ രാജ്യാന്തര കോടതിയെ വെല്ലുവിളിക്കാനൊരുങ്ങി പകിസ്ഥാന്‍
മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ നിപാട് കടുപ്പിച്ച് പാകിസ്ഥാന്‍. വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാനാണ് പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അധികാരപരിധിക്ക് പുറത്തുള്ളതാണ്. സുരക്ഷാസംബന്ധമായ വിഷയങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും അധികാരമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ യാദവിനെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനികകോടതിയാണ് വധശിക്ഷ വിധിച്ചത്. അദ്ദേഹത്തെ കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു യാദവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.
യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക് തടവറയിലുള്ള യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി.