വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ ദൃശ്യങ്ങൾ പുറത്ത്. ഡൊമിനിക്കൻ ജയിലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ് റൂം എന്ന മാധ്യമം പുറത്ത് വിട്ടത്. കണ്ണിലും കൈകളിലും പരിക്കുകളുമായി നിൽക്കുന്ന ചോക്‌സിയേയാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.
നന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളാത്. ഇതിനെ തുടർന്ന് 2018 മുതൽ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെനിന്നും കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഡൊമിനിക്കയിൽനിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയിൽ മെഹുൽ ചോക്‌സിക്കെതിരെയുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദി ഇപ്പോൾ ലണ്ടൻ ജയിലിലാണ്.